ഇമ്മിണി ബല്ല്യേ ശസ്ത്രക്രിയ

ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള സാഹിത്യേതര ഓർമ്മകൾ. ഒരു ഭിഷഗ്വരനേത്രങ്ങളിലൂടെ. സുൽത്താനെ ഞാൻ പലതവണ മെഡിക്കൽകോളേജിൽ കണ്ടിട്ടുണ്ട്. പ്രധാനമായും പുനലൂർ രാജനെ (ഫോട്ടോഗ്രാഫർ) കാണാനാണ് അദ്ദേഹം അവിടെ വരാറ്. കോളേജിന്റെ പോർട്ടിക്കോയിൽ ഉള്ള തിണ്ണയിൽ സുൽത്തൻ ഒരുപ്രത്യേക രീതിയിൽ ആണ് ഇരിക്കുക. കാലുകൾ ഒരു വശത്തേക്കും പിറകോട്ടും ആയി മടക്കി കുറച്ച് മുൻപോട്ട് കുനിഞ്ഞ് ഒരു കൈ നിലത്ത് കുത്തി ശരീരത്തിന്റെ ബാലൻസ് ഉറപ്പ് വരുത്തി കണ്ടാൽ ഒരു സുജായിയെ കണക്കെ ഒരു ഇരുപ്പ്. മറ്റേകയ്യിൽ പലപ്പോഴും എരിയുന്ന ബീഡിയും . ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ കഴുത്തിലെ ഞെരമ്പുകൾ എണീറ്റ് നിൽക്കും. പേശികൾ വലിഞ്ഞു മുറുകും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുണ്ടുകൾ പതിയെ തുറന്ന് പാതി അടഞ്ഞ ചുണ്ടുകൾക്കിടയിലൂടെ സാവധാനം ദീർഘമായ നിശ്വാസം. പിന്നീടാണ് ഈ ഇരിപ്പിന്റെ ശാസ്ത്രീയത മനസ്സിലായത്. സുൽത്താൽ ഒരു സി. ഒ. പി. ഡി രോഗിയായിരുന്നു. ചെറുതൊന്നുമല്ല. ഇമ്മിണി വല്ല്യേ സി.ഒ .പി. ഡി രോഗി. അത് വളരെ വ്യക്തമായി തിരിഞ്ഞത് തൊണ്ണൂറിയഞ്ചിൽ ഞാൻ നാഷണൽ ഹോസ്പിറ്റലിൽ അനസ്തേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ്. അക്കാലത്ത് സുൽത്താന് ഇമ്മിണി വല്ല്യേ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉണ്ടായി. പ്രൊഫസർ റോയ്ചാലിയാണ് അത് ഓപ്പേറേറ്റ് ചെയ്യുന്നത്. സുൽത്താന് അനസ്റ്റേഷ്യകൊടുക്കേണ്ട ചുമതല എനിക്ക് കിട്ടി. വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു അത്. മുഴുവൻ ബോധം കെടുത്തുന്ന ജനറൽ അനസ്തേഷ്യ സുൽത്താന് തീർത്തും കൊടുക്കാൻ കഴിയുമായിരുന്നില്ല. നട്ടല്ലെൽ മരുന്ന്കുത്തിവെച്ച് കൊടുക്കുന്ന സ്പൈനൽ അനസ്തേഷ്യ ആണ് കൊടുത്തത്. സാധാരണ ചെരിച്ചു കിടത്തിയോ ഇരുത്തിയോ ഒക്കെ ആണ് ഇത് ചെയ്യുന്നത്. പക്ഷേ സുൽത്താന് ഈ രീതിയിൽ ഒന്നും ഇരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞ സുൽത്താന്റെ സ്വതസിദ്ധമായ ഇരുപ്പിൽ തന്നെ സ്പൈനൽ അനസ്തേഷ്യ കൊടുക്കേണ്ടി വന്നു. അതിനേക്കാൾ വലിയ പ്രശ്നം സർജറിയിലാണ് ഉണ്ടായത്. പ്രോസ്റ്റേസ്റ്റ് സർജറിക്ക് ലിത്തോട്ടമി എന്നുപറയുന്ന കാലുകൾ രണ്ടും ഉയർത്തി വെച്ച് മലർന്നു കിടക്കുന്ന പൊസിഷൻ ആണ് വേണ്ടത്. സുൽത്താനുണ്ടോ കിടക്കാൻ കഴിയുന്നു? അവസാനം ഏതാണ്ട്മുഴുവനായും ഇരിക്കുന്ന പൊസിഷനിൽ തന്നെ പ്രെഫസർ റോയി ചാലി ടി.യു. ആർ. പി സാങ്കേതിക വിദ്യയിലൂടെ സുൽത്താന്റെ പ്രോസ്റ്റേറ്റ് ഗ്രൻഥി ചുരണ്ടിയെടുത്തു. ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ഈ സങ്കീർണ്ണത നിറഞ്ഞ സ്പെഷൽ TURP. മൂത്രശയ രോഗങ്ങളുടെ സുൽത്താനായ റോയ്ചാലി സാറിന് മാത്രമേ ഈ പ്രത്യേക പൊസിഷനിൽ അക്കാലത്ത് ഇങ്ങിനെ ഒരു ശസ്ത്രക്രിയ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഒരുഇമ്മിണി വല്ല്യേ ശസ്ത്രക്രിയ.

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.