









16.11.2019 Saturday
*ഹാർട്ട് ബീറ്റ്സ് ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ*
ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവൻ രക്ഷാ മാർഗങ്ങളുടെ (സി.പി.ആർ) പരിശീലനമായ ഹാർട്ട് ബീറ്റ്സ് 8 മണിക്കൂർ കൊണ്ട് 28,523 പേർക്ക് പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. കൂടാതെ ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡും ഹാർട്ട് ബീറ്റ്സ് കരസ്ഥമാക്കി.
നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ ഏയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ജില്ലാ ഭരണകൂടം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 ന് ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു.
323 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളെ പത്തു പേരടങ്ങുന്ന ബാച്ചായി തിരിച്ച് 400 ഡമ്മികൾ ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. നേരത്തെ പരിശീലനം നേടിയ 800 മെഡിക്കൽ വിദ്യാർത്ഥികളാണ് പത്ത് പേരടങ്ങുന്ന ബാച്ചിന് പരിശീലനം നൽകിയത്. കൂടാതെ അവരെ സൂപ്പർവൈസിങ്ങ് ചെയ്യാൻ 80 സ്റ്റിവാർഡ്സും ഉണ്ടായിരുന്നു.ഒരു മണിക്കൂറാണ് ഒരു ബാച്ചിന് അനുവദിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ സവിത യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ വിഭാഗത്തിൽ റിക്കാർഡ്. 28,015 പേർക്ക് 24 മണിക്കൂർ എടുത്താണ് സവിത യൂണിവേഴ്സിറ്റി പരിശീലനം നൽകിയിരുന്നത്.
Leave a comment